വെറുതേയല്ല കേരളത്തിൽ ജനുവരിയിലും ഫെബ്രുവരിയിലും ചൂട് കൂടിയത്… ഒറ്റയടിക്ക്…

2025 പിറന്നതുമുതൽ കേരളത്തിൽ പതിവിലും ചൂട് കൂടുതലായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൊടും ചൂടിൽ കേരളം വലയുകയായിരുന്നു. മാർച്ച് മാസമെത്തുമ്പോൾ ചൂടിൽ നിന്നും രക്ഷയേകാൻ മഴ എത്തുമെന്നാണ് പ്രതീക്ഷയും പ്രവചനവും. ശൈത്യകാല മഴയിലുണ്ടായ കുറവാണ് ജനുവരിയിലും ഫെബ്രുവരിയിലും കേരളത്തിലെ താപനില കുതിച്ചുയരാനും കൊടുംചൂടിലാകാനുമുള്ള കാരണം. ഒറ്റയടിക്ക് 66% കുറവാണ് ശൈത്യകാല മഴയിലുണ്ടായത്.

ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രമായിരുന്നു. 2009 ന് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം കൂടിയായി 2025 മാറിയിട്ടുണ്ട്.
കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023 ൽ  37.4 എം എം മഴയും 2022 ൽ 57.1 എം എം മഴയുമാണ് കേരളത്തിൽ ലഭിച്ചിരുന്നത്.

ഇത്തവണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയിൽ രേഖപെടുത്തിയത് 30 എം എം മഴയായിരുന്നു. ജനുവരിയിൽ 9 ദിവസവും ഫെബ്രുവരിയിൽ 7 ദിവസവും മാത്രമാണ് ചെറിയ തോതിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത്. ഇനിയുള്ള 2 – 3 ദിവസങ്ങളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്ത സംബന്ധിച്ചടുത്തോളം മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ  ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!