വൈക്കം : വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ വീണ്ടും തീപ്പിടിത്തം. ഇന്ന് പുലർച്ചെയാണ് ബോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവയർ കത്തിയത്.
വിവരം അറിഞ്ഞ് കടുത്തുരുത്തി, പിറവം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപ്പിടിത്തം ഉണ്ടായതെന്നു കമ്പനി മാനേജ്മെന്റ് അറിയിച്ചു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 5നു കെപിപിഎല്ലിലു ണ്ടായ തീപിടിത്തത്തിൽ പേപ്പർ പ്രൊഡക്‌ഷൻ പ്ലാന്റിന് നാശമുണ്ടായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കു ശേഷം ഈ മാസം ആദ്യമാണു പേപ്പർ നിർമാണം വീണ്ടും ആരംഭിച്ചത്.
വെള്ളൂർ KPPL ൽ വീണ്ടും തീപിടിക്കാനിടയായത് അത്യന്തം ഗൗരവത്തോടെ കണ്ട് അടിയന്തരമായി സാങ്കേതിക തികവുള്ള സംഘത്തെ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു.
തുടരെ തുടരെ അഗ്നിബാധയുണ്ടാകുന്നത് സംശയം ജനിപ്പിക്കുന്നതാണ് .സ്ഥാപനത്തിന്റെ സുരക്ഷാപരിപാലനത്തിലുള്ള വൻ വീഴ്ചയാണ് ഇത് ചൂണ്ടികാട്ടുന്നതെന്ന് ലിജിൻ ലാൽ പ്രസ്താവനയിൽ പറഞ്ഞു.