കൊച്ചി: പാതിവില തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ സായ്ഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എന്‍ ആനന്ദകുമാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ്. തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍’ ട്രസ്റ്റിന്റെ ആജീവനാന്ത ചെയര്‍മാനാണ് ഇദ്ദേഹം. വിമന്‍ ഓണ്‍ വീല്‍സ്’ എന്ന പേര് പദ്ധതിക്ക് നല്‍കിയതും ആനന്ദകുമാറാണ്.
ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ക്കും. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരേയും ശക്തമായ നിലപാട് തുടരും. തട്ടിപ്പില്‍ ഇഡിയും നിര്‍ണ്ണായക നീക്കങ്ങളിലാണ്. അതിബുദ്ധിയില്‍ പിറന്ന സാമ്പത്തിക തട്ടിപ്പാണ് പാതിവില വില്‍പ്പനയെന്നാണ് കണ്ടെത്തല്‍.
പകുതിവിലയ്ക്ക് ഇരുചക്രവാഹനമടക്കം വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘സോഷ്യല്‍ ബീ വെന്‍ച്വേഴ്സ് ‘ തട്ടിയെടുത്തത് 200 കോടിയിലേറെ രൂപ. സ്ഥാപനത്തില്‍ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് പരിശോധനയിലാണ് കണ്ടെത്തല്‍. സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ പേരില്‍ ഇയ്യാട്ടുമുക്ക് എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് വിവരം അടക്കമാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്.
സ്ഥാപനത്തിലെ ഫയല്‍ കംപ്യൂട്ടറുകളിലെ വിവരങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. വിവിധ ജില്ലകളിലുള്ളവര്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കുന്ന ‘വിമന്‍ ഓണ്‍ വീല്‍സ്’ പദ്ധതി ആസൂത്രണം ചെയ്തത് ഈ സ്ഥാപനത്തില്‍ വച്ചാണെന്ന് കണ്ടെത്തിയിരുന്നു. സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ നേരത്തേ പൊലീസ് മരവിപ്പിച്ചിരുന്നു. അനന്തുവിന്റെ 21 അക്കൗണ്ടുകളാണ് ഇതിനകം മരവിപ്പിച്ചത്.