കോട്ടയം : റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം. നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളുണ്ട്. അണ്‍റിസര്‍വ്ഡിന് 27 ഒഴിവുകളും, ഒബിസിക്ക് അഞ്ചും, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് രണ്ട് വീതവും, ഇഡബ്ല്യുഎസിന് നാലു വേക്കന്‍സികളും നീക്കിവച്ചിരിക്കുന്നു. 9300 മുതല്‍ 34800 വരെയാണ് പേ സ്‌കെയില്‍. 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദമോ, അല്ലെങ്കില്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിന് പുറത്ത് മാംഗ്ലൂര്‍, ഗുവാഹത്തി, അഗര്‍ത്തല എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ട്. 1000 രൂപയാണ് പരീക്ഷാ ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കണം. എസ്‌സി, എസ്ടി, വനിതാ വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
recruitments.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. റബര്‍ബോര്‍ഡ് വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെഷനില്‍ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. അപേക്ഷ അയക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ ഈ വിജ്ഞാപനം വായിക്കണം. മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.
ഇ മെയില്‍ അഡ്രസ്, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തിവേണം അപേക്ഷിക്കാന്‍. വിദ്യാഭ്യാസ യോഗ്യത, പ്രായം, കാറ്റഗറി തുടങ്ങിയവയുടെ സെല്‍ഫ് അറ്റസ്റ്റഡ് കോപ്പികള്‍ അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. ആവശ്യപ്പെട്ട ഡോക്യുമെന്റുകള്‍ ഉള്‍പ്പെടുത്താത്ത അപേക്ഷകള്‍ നിരസിക്കും.
പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍ വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥിയുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് അലര്‍ട്ട് നല്‍കുന്നതാണ്. അപ്‌ഡേറ്റുകള്‍ക്ക് ഉദ്യോഗാര്‍ത്ഥി വെബ്‌സൈറ്റ് പതിവായി പിന്തുടരണമെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു. ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് കൈവശമുണ്ടായിരിക്കണം. ഇന്‍വിജിലേറ്റര്‍ ഒപ്പിട്ട അഡ്മിറ്റ് കാര്‍ഡിനൊപ്പം ആപ്ലിക്കേഷന്‍ പ്രിന്റൗട്ട് നിയമനസമയത്ത് ആവശ്യം വരും.
റബർ ബോർഡിൽ 40 ഒഴിവുകൾ, ഫീൽഡ് ഓഫീസറാകാം…കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ…
