വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം…മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച് യുവാവ്…

ആലപ്പുഴ : ആലപ്പുഴയിൽ വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ ഷെരീഫ് മകൻ സിറാജാണ്( 27) പിടിയിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ്‌ വെളിയിൽ വീട്ടിൽ ബഷീറിനാണ് (51) പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.

സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽ കൂടി മീൻകച്ചവടക്കാർ ദിവസവും രാവിലെ ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വിൽപ്പന നടത്തുന്നത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതു കാരണം തനിക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പറഞ്ഞത്. എന്നാൽ, ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ വിജയപ്പൻ, മുജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ.ജി, ലിബു എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!