ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍

കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി എവി ശ്രീകുമാറിനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെ കേസില്‍ പ്രതി ചേര്‍ത്തത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വകാര്യത ലംഘനം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇപി ജയരാഡന്‍ പരാതി നല്‍കിയത്

കേസില്‍ ജയരാന്റെയും ഡിസി ബുക്സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍ ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!