ലോട്ടറി ടിക്കറ്റിലെ നമ്പര്‍ അതിവിദഗ്ധമായി തിരുത്തിയുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു !!

പത്തനംതിട്ട : സമ്മാനമടിച്ച ടിക്കറ്റിന്‍റെ നമ്പർ മനസിലാക്കിയ ശേഷം, അടിക്കാത്ത ടിക്കറ്റിൽ തിരുത്തൽ വരുത്തിയാണ് പണം തട്ടുന്നത്.

വയോധികരും അസുഖബാധിതരുമൊ ക്കെയായ ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരകളാകുന്നത്.

കഴിഞ്ഞ ദിവസം ഓമല്ലൂര്‍ മാത്തൂരില്‍ വെച്ച് ബൈക്കിലെത്തിയ ഒരാള്‍ ലോട്ടറി കച്ചവടക്കാരനായ പത്തനംതിട്ട വള്ളിക്കോട് സ്വദേശി കെഎന്‍ രാജനെ സമര്‍ത്ഥമായി കബളിപ്പിച്ച് പണം തട്ടി. പക്ഷാഘാതം ബാധിച്ച് തളർന്നുപോയാളാണ് രാജൻ. വെയിലും മഴയുംകൊണ്ട് നാടുനീളെ ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

കെഎന്‍ രാജന്‍റെ 1400 രൂപയും കയ്യിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളും തട്ടിപ്പുകാരൻ കൊണ്ടുപോയി. അടിച്ച ടിക്കറ്റിന് പകരമായി കയ്യിലുള്ള ലോട്ടറി ടിക്കറ്റുകളും ഉള്ള പൈസയും തന്നാല്‍ മതിയെന്ന് രാജനോട് പറയുകയായിരുന്നു. അടിച്ച ടിക്കറ്റ് ഏജന്‍സിയില്‍ കൊടുത്ത് മാറാമെന്ന് കരുതി രാജന്‍ അത് വാങ്ങിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളെല്ലാം വിറ്റതിന്‍റെ സന്തോഷത്തില്‍ ടിക്കറ്റുമായി ഏജന്‍സിയില്‍ പോയപ്പോഴാണ് തട്ടിപ്പിനിരയായതായി രാജന്‍ തിരിച്ചറിഞ്ഞത്.

നമ്പർ തിരുത്തിയുള്ള ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന് ഏജൻസി നടത്തിപ്പുകാർ തന്നെ പറയുന്നു. അംഗീകൃത ഏജൻസികളിൽ വ്യാജ ടിക്കറ്റുകളുമായെത്തിയാൽ പിടിവീഴുമെന്നതിനാൽ ചെറുകിട കച്ചവടക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. പണം നഷ്ടപ്പെട്ട രാജൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെയിലും മഴയും കൊണ്ട് ടിക്കറ്റ് വിറ്റു കിട്ടിയ രാജന്‍റെ പണമാണ് തട്ടിയെടുത്തത്. ക്രൂരമായ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സർക്കാർ തലത്തിൽ കര്‍ശന നടപടിയുണ്ടാകേണ്ടതുണ്ടെന്ന് ലോട്ടറി വില്പനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!