മഹാ കുംഭമേള അപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ലഖ്നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ മൂന്നംഗ അന്വേഷണ സമിതിക്ക് ആണ് രൂപം നല്‍കിയത്. വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ അന്വേഷണ സമിതിയില്‍ മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരും ഉള്‍പ്പെടുമെന്ന്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. മുഴുവന്‍ സംഭവത്തിലും പ്രത്യേക പൊലീസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം പ്രധാനമാണ്. ദാരുണമായ സംഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും വ്യാഴാഴ്ച മഹാ കുംഭമേള സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടു. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.

പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,’- വൈഭവ് കൃഷ്ണ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!