കർണാടക മുഖ്യമന്ത്രിയാകാൻ ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ…

ബെംഗളൂരു : കർണാടകയില്‍ മുഖ്യമന്ത്രിമാറ്റത്തിന് കളമൊരുങ്ങുന്നു. സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകള്‍.

കർണാടകയില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇതുവരെ നേതൃമാറ്റമുണ്ടാവില്ലെന്ന് ഉറപ്പിച്ച്‌ പറഞ്ഞ സിദ്ധരാമയ്യ ഈ നിലപാടില്‍ നിന്നും പിന്നാക്കം പോവുന്നതിന്റെ സൂചനയായി വേണം പുതിയ പ്രസ്താവനയെ വിലയിരുത്താൻ. അതേസമയം, നേതൃത്വമാറ്റത്തെ സംബന്ധിച്ച ചോദ്യങ്ങളില്‍ താൻ തന്റെ ജോലി ചെയ്യുകയാണെന്നും ബാക്കിയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു ഡി.കെ ശിവകുമാറിന്റെ മറുപടി.

കർണാടകയിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ ധാരണയുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. 30 മാസമെന്ന രീതിയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, ഇത്തരം വാർത്തകള്‍ തള്ളുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചെയ്തത്. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ കർണാടക കോണ്‍സ്രില്‍ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഡി.കെ ശിവകുമാറിന് പുറമേ പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർകിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നേരത്ത ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!