ബുള്ളറ്റിലെത്തിയ യുവാവ് ഒരു മണിക്കൂർ കാത്തിരുന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കത്തിവീശി…

കോഴിക്കോട് : ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞ് കത്തി കാണിച്ച് ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഫറോക്ക് പുറ്റേക്കാട് താമസിക്കുന്ന പാലാഴി ആശാരിക്കണ്ടി വീട്ടില്‍ സുബിന്‍ ദാസി(34) നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമണ്ണയിലെ വള്ളിക്കുന്ന്-വടക്കേ പറമ്പ് റോഡില്‍ വെച്ചായിരുന്നു കവര്‍ച്ചാ ശ്രമം.

യുവതി സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലത്ത് ഒരു മണിക്കൂര്‍ മുന്‍പേ സുബിന്‍ ദാസ് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വള്ളിക്കുന്ന്  എത്തിയപ്പോള്‍ ഇയാള്‍ പരാതിക്കാരിയുടെ സ്‌കൂട്ടറിനെ പിന്‍തുടര്‍ന്ന് വടക്കേ പറമ്പ് അമ്പലത്തിന് സമീപത്ത് വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചു. ഭയന്ന് നിലവിളിച്ച യുവതി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സുബിന്‍ സംഭവ സ്ഥലത്തു നിന്നും, വന്ന ബുള്ളറ്റില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. ഹെല്‍മെറ്റും മാസ്‌കും ബാഗും ധരിച്ചയാളാണ് അക്രമിച്ചതെന്ന് യുവതിയും ദൃക്‌സാക്ഷികളും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഫറോക്ക് അസി. കമ്മീഷണര്‍ എംഎം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡ് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇയാള്‍ പയ്യടിത്താഴം ഭാഗത്തേക്കാണ് പോയതെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ വിവരം ലഭിക്കുന്നതിനായി ഫറോക്ക് പുറ്റേക്കാട് വരെയുള്ള 15 കിലോമീറ്ററിനുള്ളിലെ 146 ഓളം നിരീക്ഷണ കാമറകള്‍ പരിശോധിച്ചാണ് സഞ്ചരിച്ച ബുള്ളറ്റ് സംബന്ധിച്ച വ്യക്തമായ വിവരം സംഘടിപ്പിച്ചത്.

ബുള്ളറ്റ് ഉടമയെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ സുഹൃത്തായ സുബിന്‍ ദാസ് പാലാഴിയിലെ തറവാട് വീട്ടില്‍  പോകാനെന്ന് പറഞ്ഞ് ബൈക്ക് വാങ്ങിയിരുന്നതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് പന്തീരാങ്കാവ് എസ്‌ഐ സനീഷ് സുബിനിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ജോലിക്ക് പോവാത്തതിനാലുള്ള സാമ്പത്തിക പ്രയാസം മറി കടക്കാനാണ് കവര്‍ച്ചാശ്രമം നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!