‘മോക്ഷം’ ലഭിക്കാന്‍ വിഷം കഴിച്ചു; തിരുവണ്ണാമലയിലെ ഹോട്ടലില്‍ നാല് പേര്‍ മരിച്ച നിലയില്‍

തിരുവണ്ണാമല: തിരുവണ്ണാമലയിലെ സ്വകാര്യ ഹോട്ടലില്‍ കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വ്യാസര്‍പാഡി നിവാസികളായ ശ്രീ മഹാകാല വ്യാസര്‍ (40), കെ. രുക്മണി പ്രിയ (45), കെ. ജലന്ധരി (17), മുകുന്ദ് ആകാശ് കുമാര്‍ (12) എന്നിവരാണ് മരിച്ചത്. ‘മോക്ഷം’ പ്രാപിക്കുമെന്ന വിശ്വാസത്താല്‍ നാലുപേരും വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലില്‍നിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാല്‍ തിരുവണ്ണാമലയില്‍ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയില്‍ പറയുന്നത്. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ള വ്യക്തികളായിരുന്നു മഹാകാല വ്യാസറും രുക്മിണിയും. തിരുവണ്ണാമലയ്ക്ക് പുറമെ, തമിഴ്നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിലും ഇവര്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ടെന്നാണ് വിലയിരുത്തല്‍. ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രുക്മിണിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

ശനിയാഴ്ച രാവിലെ 11 മണിയോടെ ജീവനക്കാര്‍ മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പല തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ തിരുവണ്ണാമല താലൂക്ക് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!