വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു; വെളിപ്പെടുത്തി കെ.മുരളീധരൻ

കോഴിക്കോട്:  2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

2019 മുതൽ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്നുമാണെന്നും മുരളീധരന്‍ പറഞ്ഞു.

ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സി.പി.എമ്മിന് തമിഴ്നാട്ടില്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാര്‍. സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ട്. സാധാരണഗതിയില്‍ എന്‍.എസ്.എസിന്റെ ചടങ്ങില്‍ കൂടുതലായും കോണ്‍ഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലയൂര്‍ പള്ളിയില്‍ നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!