പൊലീസ് എത്തുമ്പോൾ മദ്യലഹരിയിൽ…ശ്മശാനത്തിൽ കൊടുക്കാൻ കാശില്ലാത്തതു കൊണ്ട് തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ

കൊച്ചി  : വെണ്ണലയിൽ അമ്മയുടെ മൃതദേഹം നാട്ടുകാരും ബന്ധുക്കളുമറിയാതെ മകൻ കുഴിച്ചിട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മകൻ പ്രദീപിനെ വിട്ടയക്കും. പൊലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്ന മകൻ അമ്മ പുലർച്ചെ മരിച്ചെന്നും ശ്മശാനത്തിൽ കൊടുക്കാൻ കാശില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും പൊലീസിനോട് പറഞ്ഞു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. വെണ്ണല സ്വദേശിനി അല്ലിയെന്ന എഴുപതുകാരിയുടേത് സ്വാഭാവിക മരണമെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇന്ന് പുലർച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിൻ ചുവട്ടിൽ അമ്മയുടെ മൃതദേഹം മകൻ കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്. കുഴിച്ചിട്ട മൃതദേഹത്തിൻറെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോൾ മദ്യലഹരിയിലായിരുന്നു മകൻ പ്രദീപ്. പൊലീസ് കുഴി തുറന്ന് മൃതദേഹം പുറത്തെടുത്തു. അമ്മയെ മകൻ കൊന്നു കുഴിച്ചിട്ടതാകാമെന്ന അഭ്യൂഹം നാട്ടുകാർക്കിടയിൽ ശക്തമായ പശ്ചാത്തലത്തിൽ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. പോസ്റ്റ് മോർട്ടത്തിലാണ് മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമായത്.

രൂക്ഷമായ പ്രമേഹം ബാധിച്ചിരുന്ന അല്ലിയുടേത് സ്വാഭാവിക മരണമെന്നാണ് നിലവിലെ കണ്ടെത്തൽ. അല്ലിയുടെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻറെ ഫലം കൂടി വന്ന ശേഷമേ കേസന്വേഷണം ഔദ്യോഗികമായി പൂർത്തിയാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!