കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാൻ കർണാടകയിൽ നിന്നും എത്തിയ വിദ്യാർത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നതായി പരാതി.
എം ജി സർവ്വകലാശയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ അധ്യാപകനെതിരെയാണ് പെൺകുട്ടി വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും പരാതി നൽകിയിരിക്കുന്നത്.
ഈ കഴിഞ്ഞ ഡിസംബർ 5, 6 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശായിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിന്റെ ആഭിമുഖ്യത്തിൽ കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു സെമിനാർ നടന്നിരുന്നു. സെമിനാർ മഹാത്മാഗാന്ധി സർവ്വകലാശാലയും കർണാടകയിലെ കേന്ദ്ര സർവകലാശാല സംയുക്തമായാണ് സംഘടിപ്പിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളുമായി മെമ്മോ ഓഫ് അണ്ടർ സ്റ്റാൻഡിങ് വൈസ് ചാൻസിലർ മുഖാന്തരം ഒപ്പിട്ടിരുന്നു.
സെമിനാറിൽ പങ്കെടുക്കാനായി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിൽ നിന്നും വന്ന ഒരു പെൺകുട്ടിയെ സെമിനാർ സംഘാടകൻ കൂടിയായ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ ഒരു അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി ഉണ്ടായിരിക്കുന്നത്. സെമിനാർ കഴിഞ്ഞ് തിരിച്ചുപോയ വിദ്യാർത്ഥിനി ലൈംഗിക പീഡന പരാതി വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും ഈ മെയിലിൽ വഴി അയച്ചുകൊടുക്കുകയായിരുന്നു.
സെമിനാറിനു ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടം സന്ദർശിക്കാനെന്ന ഭാവേന വിദ്യാർത്ഥിനിയുമായി അധ്യാപകൻ എറണാകുളത്തേക്ക് പോയി. എറണാകുളത്ത് താമസിക്കുന്നതിനിടയിലാണ് ഈ അധ്യാപകൻ മോശമായി പെരുമാറി യയതെന്ന് പരാതിക്കാരി പറയുന്നു. വിദ്യാർത്ഥിനിയുടെ പരാതി അവരുടെ സ്ഥാപനമായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയും വളരെ ഗൗരവമായിട്ടാണ് കാണുന്നത്.
എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും അതിക്രമം നടത്തിയ അധ്യാപകനും തമ്മിൽ വിവിധതരം പ്രോജക്ടുകളിൽ ഒന്നിച്ച് പ്രവർത്തിക്കുന്നത് കൊണ്ടും അവർ തമ്മിലുള്ള സൗഹൃദം നിലനിൽക്കുന്നത് കൊണ്ടും പരാതി എങ്ങനെയെങ്കിലും ഒതുക്കിതീർത്തേക്കാമെന്ന ആശങ്കയും പെൺകുട്ടിക്കുണ്ട്.
ഇത്രയും ഗൗരവമുള്ള പരാതി ഒരു ക്രിമിനൽ കുറ്റം എന്ന തരത്തിൽ പോലീസിന് കൈമാറേണ്ടതിന് പകരം സർവകലാശാലയുടെ പരാതി പരിഹാര സെല്ലിലേക്ക് രജിസ്ട്രാർ കൈമാറിയത് തന്നെ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷപവും ശക്തമാണ്. ഈ അധ്യാപകനെതിരെ സമാനമായ പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
സർവകലാശാല രജിസ്ട്രാർ പറയുന്നത്…
ഈ മാസം പത്തിന് രാത്രി പെണ്‍കുട്ടി എസ്.എം.എസ് മുഖേന എന്നെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ട്രെയിന്‍ യാത്രയിലായിരുന്നു. ഇമെയിലില്‍ പരാതി അയയ്ക്കാന്‍ നിര്‍ദേശിച്ചു. അന്നു രാത്രി തന്നെ ഇമെയിലില്‍ പരാതി കിട്ടി. ഉടന്‍തന്നെ പ്രസ്തുത പരാതി ചട്ടപ്രകാരം സര്‍വകലാശാലയുടെ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി ചെയര്‍പേഴ്സണ് കൈമാറുകയും വിവരം പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ്സ് കമ്മിറ്റിയുടെ അന്വേഷണം നടന്നുവരികയാണ്. കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ അത് തുടർ നടപടികൾക്ക് വൈസ് ചാൻസിലർക്ക് കൈമാറുമെന്ന് രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ അറിയിച്ചു.