നടി അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര :  നടി അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് കൊട്ടാരക്കര പോലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയ വാഹനമോഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്.

മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കിൽനിന്നാണ് കാർ മോഷണം പോയത്. കടയ്ക്കലിൽ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്‌ ഇളക്കിയ നമ്പർ പ്ലേറ്റ് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തിൽനിന്ന്‌ 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.

അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറിൽ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കു സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.

ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളിൽ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്‌ഷനിൽ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!