കൊച്ചി : അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ട് മധ്യസ്ഥനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലന്‍ ഹൈക്കോടതിയില്‍ നല്‍കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.
മരിച്ചയാളോട് അൽപമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കണമെന്നും വ്യക്തമാക്കിയാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാൻ നിർദേശിച്ചത്. തുടർന്നാണ് കുടുംബം മുതിർന്ന അഭിഭാഷകൻ എൻ എൻ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥൻ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി.
ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.
സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.