‘മാനദണ്ഡങ്ങൾ പാലിച്ചില്ല’ നേതാക്കളുടെ അതൃപ്തി കോട്ടയത്തെ പുനഃസംഘടനയിൽ…

കോട്ടയം  : കോട്ടയം ജില്ലയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം. മാനദണ്ഡങ്ങൾ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി. ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു.

ഏറെ കാലത്തിന് ശേഷമാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്. പ്രകടമായ ഗ്രൂപ്പുകൾ ഇല്ലാത്ത കാലത്ത് നേതാക്കൾ ചേരിയുണ്ടാക്കിയതിനാൽ പുനഃസംഘടന തർക്കങ്ങൾക്ക് കാരണമായി. ഗ്രൂപ്പ് വീതം വെപ്പ് വേണ്ടെന്ന് തീരുമാനിച്ച പുനഃസംഘടനയിൽ നേതൃത്വത്തിലുള്ളവർ ഏകപക്ഷീയമായ നിലപാടെടുത്തെന്നാണ് പ്രധാന പരാതി. ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ പ്രദേശത്ത് നിന്നുള്ള ജില്ലാ നേതാക്കളോട് ആലോചിച്ചിട്ടില്ല. ഇതിനെതിരെയാണ് ചില ഡിസിസി ഭാരവാഹികൾ കെപിസിസി പ്രസി‍ഡന്‍റിന് പരാതി നൽകിയത്.

ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം ലിജുവിനെ നേരിട്ട് കണ്ടും മുതിർന്ന നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ജില്ല കമ്മിറ്റികളിലേക്ക് മത്സരിച്ച് ദയനീയമായി പരാചയപ്പെട്ടവരെ ബ്ലോക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റാക്കിയെന്നും പരാതിയുണ്ട്.

പതിറ്റാണ്ടുകളോളം മണ്ഡലം പ്രസിഡന്റ്മാരായിരുന്നവരെ പരിഗണിക്കാതെ യൂത്ത് കോൺഗ്രസ് നേതാക്കളെ ഭാരവാഹികളാക്കിയെന്നാണ് മറ്റൊരു പരാതി. കഴിഞ്ഞ യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലെ ഭാരവാഹികളെ പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ജയിച്ചവരേക്കാൾ ഉയർന്ന സ്ഥാനത്ത് നിയമിച്ചതിനെതിരെ നിയോജക മണ്ഡലം പ്രസിഡന്റുമാരും കെപിസിസി നേതൃത്വത്തിന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!