സൈനിക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ആംഡ് ഫോഴ്‌സ്സ് ഫ്ലാഗ് ഡേ ആഘോഷ പരിപാടികൾ ബഹിഷ്കരിക്കുമെന്നും അന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി .
1949 മുതൽ എല്ലാ വർഷവും ഡിസംബർ 7 നാണ് രാജ്യമെമ്പാടും ഫ്ലാഗ് ഡേ ആഘോഷിച്ചു വരുന്നത്. സംസ്ഥാന സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വകുപ്പ് ആസ്ഥാനത്തും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്. വിമുക്തഭട ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ നടത്തുക, വിമുക്തഭടന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും സംഭാവന സമാഹരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായാണ് കാലാകാലങ്ങളായി ഈ പരിപാടി രാജ്യത്ത് സംഘടിപ്പിച്ചു വരുന്നത്.
വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമകാര്യങ്ങൾങ്ങൾക്കായി 1983 മുതൽ അഖിലേന്ത്യാതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഇക്കഴിഞ്ഞ വർഷം വരെ ഫ്ലാഗ് ഡേ ആഘോഷ പരിപാടികളിൽ പിന്തുണ നൽകുകയും പങ്കെടുക്കുകയും ചെയ്തു പോരുന്നതാണെന്നും എന്നാൽ താഴ്ന്ന റാങ്കിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരുടെ ന്യായമായ അവകാശങ്ങൾ പരിഹരിക്കപ്പെടാത്തതാണ് ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിക്കുവാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്നാണ് സംസ്ഥാന ജന സെക്രട്ടറി ബെന്നി കാരയ്ക്കാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ഫ്ലാഗ് ഡേ പരിപാടികൾ ബഹിഷ്കരിക്കുമെന്നും അന്ന് കരിദിനമായി ആചരിയ്ക്കുമെന്നും അറിയിച്ചു കൊണ്ട് സംസ്ഥാന സൈനിക ക്ഷേമ വകുപ്പിൻ്റെ ചുമതല വഹിയ്ക്കുന്ന മുഖ്യമന്ത്രി, കേരള ഗവർണർ , സൈനിക ക്ഷേമ വകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്ത് നല്കിയതായും അദ്ദേഹം അറിയിച്ചു.
