ത്രില്ലറിൽ പാകിസ്ഥാനെ വീഴ്ത്തി ശ്രീജേഷിന്റെ ശിഷ്യൻമാർ! ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.

ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ഗോളുകളുമായി അരയ്ജിത് സിങ് ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.

കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.

കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!