‘നായാടി മുതല്‍ നസ്രാണി വരെ’; പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം

തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രാമാണിത്വം ചെറുക്കാന്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാമ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്‌ഠ്യേന പാസാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് രണ്ടാം തവണയാണ് നടേശന്‍ പുതിയ സാമൂഹിക രൂപീകരണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 2015 ല്‍, എസ്എന്‍ഡിപിക്ക് ആഭിമുഖ്യമുള്ള ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) രൂപീകരിക്കുന്നതിന് മുമ്പ്, വെള്ളാപ്പള്ളി നടേശന്‍ ‘നായാടി മുതല്‍ നമ്പൂതിരി വരെ’ ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ ആശയവുമായി എന്‍എസ്എസ് യോജിച്ചെങ്കിലും, പിന്നീട് ഇതില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.

‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ‘നായാടി മുതല്‍ നസ്രാണി വരെ’ എന്നതിലേക്ക് ഞങ്ങള്‍ നീട്ടുകയാണ്. ‘ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ വെള്ളാപ്പള്ളി നടേശന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ മുസ്ലീങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നത്. പല ക്രിസ്ത്യന്‍ സമുദായ നേതാക്കളും അത് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ചില അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും അംഗീകരിക്കുന്നപക്ഷം ഈ നീക്കവുമായി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളുടെ ഭാഗത്തു നിന്ന് കഷ്ടതകള്‍ നേരിടുന്നുണ്ട്. പല ക്രിസ്ത്യാനികളും  തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രൊഫ ടി ജെ ജോസഫിന്റെ സംഭവം ഒരു ഉദാഹരണമാണ്. ഇടതുപക്ഷവും യുഡിഎഫും മുസ്ലിംകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. മുനമ്പത്ത് ഇരുമുന്നണികളും ആവേശത്തോടെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ്. വഖഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

എന്‍എസ്എസ് നേതൃത്വവും ചില ക്രിസ്ത്യന്‍ സമുദായങ്ങളും ഈ നിര്‍ദ്ദേശത്തോട് അകലം പാലിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!