‘പകർപ്പവകാശം ലംഘിച്ചു’: നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

കൊച്ചി : നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് നീക്കിയില്ലെങ്കിൽ 10 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തുകയായിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും  ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചു. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാഗ്യം വെച്ചുപുലർത്തുകയാണെന്നും പറഞ്ഞു. ഡോക്യുമെന്ററിയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാതിരുന്നതോടെയാണ് താരം കേസുമായി മുന്നോട്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!