കവിയൂർ: ചാക്യാർ കൂത്തിന്റെ ആചാര്യൻ കവിയൂർ ഹരി മന്ദിരത്തിൽ പി.എൻ.നാരായണൻ ചാക്യാർ(93- പൊതിയിൽ നാരായണൻ ചാക്യാർ) അന്തരിച്ചു. ഭാര്യ : പരേതയായ ലളിതമ്മ . മക്കൾ ജഗദീഷ് , ദിനേശൻ , ഹരീഷ് . മരുമക്കൾ രമ്യ , വീണ , ബിന്ദു. സംസ്ക്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തൽ നടന്നു .
യുനെസ്കോ ഫെലോഷിപ്പിന് അർഹത നേടിയ ചാക്യാർകൂത്തിന്റെ വർത്തമാനകാലത്തെ ആചാര്യ ശ്രേഷ്ഠനായ അദ്ദേഹം പ്രഗത്ഭനായ മലയാള ഭാഷാദ്ധ്യാപകൻ ആയിരുന്നു. അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം ചാക്യാർ കൂത്തിന്റെ പ്രചാരണത്തിന് ഏറെ പരിശ്രമിച്ചു . ഭാരതത്തിനകത്തും പുറത്തുമായി ചാക്യാർ കൂത്ത് ശിക്ഷണത്തിലൂടെ നിരവധി ശിഷ്യർക്ക് ഗുരുവായിരുന്നു.
ബിജെപി കവിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, ചാക്യാർ നമ്പ്യാർ സമാജം സംസ്ഥാന പ്രസിഡണ്ട്, തൃക്കവിയൂർ മഹാദേവ ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട്, കവിയൂർ മാരാർജി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്, കവിയൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹത്തിന്റെ ശതാഭിഷേകം 2015ൽ ചലച്ചിത്ര താരം സുരേഷ് ഗോപി ആണ് കവിയൂരിൽ ഉദ്ഘാടനം നിർവഹിച്ചത്. ഇതിനോടനുബന്ധിച്ച് മാരാർജി ചാരിറ്റബിൾ സൊസൈറ്റി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കോട്ടയം മാങ്ങാനത്ത് പൊതിയിൽ കുടുംബാംഗം ആയ നാരായണൻ ചാക്യാർ പ്രായാധിക്യം മൂലം മകൻ ദിനേശിനൊപ്പം തിരുവനന്തപുരം മുട്ടട ഇ.വി.ആർ.എ. 47എ ചിരാഗിൽ ആയിരുന്നു അവസാന നാളുകളിൽ താമസിച്ചിരുന്നത്.
