തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കുന്നതാണെന്ന് ജില്ലാ ഗവ.പ്ലീഡറുടെ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്‍കിയ പരാതിയിലാണു സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ നിയമോപദേശം തേടിയത്. ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടുവെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
കെ ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലുകള്‍ ഫാക്ടറി റീ സെറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ അന്വേഷണത്തിനായി കൈമാറിയതെന്നും ഉത്തരവില്‍ പറയുന്നു. ഗോപാലകൃഷ്ണന്‍ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ഉത്തരവിലുണ്ട്.