ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി  : മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ആന്റണി രാജു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. കേസിൽ പുന:രന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ആന്റണി രാജു നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി ആന്റണി രാജുവിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരുന്നത്. സംഭവത്തിന്റെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകും എന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. സത്യം കണ്ടെത്താൻ കേസ് അന്വേഷണം വേണ്ടിവന്നാൽ സിബിഐയ്ക്ക് കൈമാറും എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിധി നിർണായകം ആണ്.

കേസിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടും ആന്റണി രാജുവിന് തിരിച്ചടി നൽകുന്നതാണ്. സംഭവത്തിൽ ആന്റണി രാജു കുറ്റക്കാരനാണ് എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

ലഹരിമരുന്ന് കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ഇതിൽ രണ്ടാം പ്രതിയാണ് അദ്ദേഹം. ജൂനിയർ അഭിഭാഷകനായി സേവനം അനുഷ്ഠിക്കെ ആയിരുന്നു ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!