ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ; പ്രത്യേക നിയമം ആവശ്യമില്ലെന്ന് ദേശീയ ദൗത്യ സംഘം, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ദേശീയ ദൗത്യ സംഘം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമത്തിലെ വകുപ്പുകള്‍ പര്യാപ്തമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആതുരാലയങ്ങളിലെ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ 24 സംസ്ഥാനങ്ങള്‍ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാന നിയമത്തിന്റെ അഭാവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ അതിന് പര്യാപ്തമാണ്. പ്രതിദിനം നടക്കുന്ന ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് സംസ്ഥാന നിയമങ്ങള്‍ മതിയാകുമെങ്കില്‍ ഗുരുതരമായവയ്ക്ക് ബിഎന്‍എസ് ഉണ്ട്. അതിനാല്‍ പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നാണ് ദൗത്യ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി മാര്‍ഗ രേഖയുണ്ടാക്കാന്‍ സുപ്രീംകോടതി ഓഗസ്റ്റ് 20ന് ഒമ്പതംഗ ദൗത്യ സംഘത്തെ നിയോഗിച്ചത്. നാവിക സേനയിലെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായ വൈസ് അഡ്മിറല്‍ ആരതി സരിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആശുപത്രി സുരക്ഷ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പരിശീലനം ലഭിച്ച സുക്ഷാ ജീവനക്കാരെ നിയമിക്കണം, രാത്രി ഷിഫ്റ്റിലെത്തുന്നവര്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ നടപ്പാക്കണം, ആരോഗ്യ പ്രവര്‍ത്തകരെ വാഹനത്തില്‍ കൊണ്ടുവരികയും കൊണ്ടുപോവുകയും വേണം, സിസിടിവി കാമറകളുടെ എണ്ണം വര്‍ധിപ്പിക്കണം, സുരക്ഷാ പരിശോധന കൂട്ടണം, എമര്‍ജന്‍സി യൂണിറ്റുകളില്‍ മുതിര്‍ന്ന ഡോക്ടര്‍മാരും നഴ്‌സുമാരും വേണം, അതിക്രമമുണ്ടായാല്‍ ആറ് മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം തുടങ്ങിവയാണ് ദൗത്യ സംഘം നല്‍കിയി നിര്‍ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!