കോഴിക്കോട്: സംഘർഷങ്ങൾക്കൊടുവിൽ ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച് സിപിഎമ്മും കോൺഗ്രസ് വിമതരും. സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനൽ മത്സരിച്ചത്.
11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ജി സി പ്രശാന്തിനെ ചെയർമാനായി തെരഞ്ഞെടുത്തു. 36,000ത്തോളം വോട്ടർമാരിൽ 9000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണ് ചേവായൂർ സഹകരണ ബാങ്ക്. എന്നാൽ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ പിന്തുണച്ച് സിപിഎം എത്തുകയായിരുന്നു.
