കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അര്‍ഷദ് ദല്ലയെ അറസ്റ്റ് ചെയ്തതായി കാനഡ പൊലീസ് സ്ഥിരീകരിച്ചത്.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ യഥാര്‍ത്ഥ തലവനാണ് അര്‍ഷ് സിംഗ് ഗില്‍ എന്ന അര്‍ഷ് ദല്ലയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇയാളെ അറസ്റ്റ് ചെയ്തതായി നവംബര്‍ 10 മുതല്‍ കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു. ഒന്റാറിയോ കോടതി കേസ് വിസ്താരത്തിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ മനസിലാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
കൊലപാതകം, കൊലപാതകശ്രമം, കൊള്ള, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങി അന്‍പതിലേറെ കേസുകളില്‍ ദല്ല പ്രതിയാണ്. ഇയാള്‍ക്കെതിരെ മുന്‍പ് റെഡ് കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിരുന്നു.