പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം ലഭിച്ചു

കണ്ണൂർ : പരിയാരത്ത് പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവ് മരിച്ചു. തിരുവട്ടൂർ സ്വദേശി മെഹറൂഫിൻ്റെ (27) മൃതദേഹം കുറ്റിയേരി പുഴക്കരയിൽ നിന്ന് കണ്ടെത്തി. മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം.

ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്.

മണൽക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനിടെ മെഹറൂഫിൻ്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു . രക്ഷപ്പെടുന്നതിനിടെ മെഹറൂഫ് പുഴയിൽ വീണുവെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കരക്കടിഞ്ഞത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ മറ്റ് നടപടി സ്വീകരിക്കാനോ നാട്ടുകാർ അനുവദിച്ചിട്ടില്ല.

ജില്ലാ കളക്ടർ സ്ഥലത്തെത്തി പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റിയേരി പുഴക്കരയിൽ പൊലീസിനെ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. മെഹറൂഫിനെ കാണാതായ വിവരം ഇന്ന് മാത്രമാണ് ലഭിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം. പയ്യന്നൂർ ഡിവൈഎസ്‌പി സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!