എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കൊച്ചി  :  സ്‌കൂള്‍ കായികമേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും (പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ) ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ അധ്യാപകരും മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ള എണ്ണം വിദ്യാര്‍ഥികളും മഹാാരാജാസ് ഗ്രൗണ്ടിലെ കായികമേള സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹാജരാകണം.

വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കളക്ടര്‍ അറിയിച്ചു.

കായികമേളയുടെ സമാപന ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകളാണ് നടക്കുക. ക്രോസ് കണ്‍ട്രിയോടെയാണ് ഇന്നത്തെ മത്സരങ്ങള്‍ക്ക് തുടക്കമാവുക. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയാണ് ഫീല്‍ഡിലെ ആദ്യ ഫൈനല്‍. 200 മീറ്റര്‍ ഫൈനലുകള്‍ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. 3.10ന് തുടങ്ങുന്ന 4 ഗുണം 400 മീറ്റര്‍ റിലേ മത്സരങ്ങളോടെ മീറ്റ് സമാപിക്കും.

സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാവും. 78 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയിന്റുമായി മലപ്പുറം ഐഡിയല്‍ കടകശേരി സ്‌കൂള്‍ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഐഡിയല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്. 38 പോയിന്റുള്ള കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!