മുംബൈ : മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥി മത്സര രംഗത്തുനിന്നും പിന്മാറി.
കോലാപുർ നോർത്ത് സീറ്റിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാർഥിയായിരുന്ന മധുരിമരാജെ ഛത്രപതിയാണ് മത്സരിക്കാനില്ലെന്ന നിലപാടെടുത്തത്. കോണ്‍ഗ്രസ് ഇവിടെ ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ച മുൻനഗരസഭാംഗം രാജേഷ് ലട്കറിനെ മാറ്റിയാണ് കോലാപുർ രാജകുടുംബത്തില്‍നിന്നുള്ള മധുരിമയെ സ്ഥാനാർഥിയാക്കിയത്.
എന്നാല്‍, രാജേഷ് ലട്കർ വിമതനായി എത്തിയതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ഒന്നടങ്കം അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. പാർട്ടി അണികള്‍ പിന്തുണയ്ക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ മധുരിമ പത്രിക പിൻവലിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മധുരിമയെ നിർദേശിച്ചതോടെ അണികള്‍ കോണ്‍ഗ്രസ് പാർട്ടി ഓഫീസ് തകർത്തിരുന്നു. കോലാപുർ ലോക്‌സഭാ എം.പി.യും രാജകുടുംബാംഗവുമായ ഷാഹു ഛത്രപതിയുടെ മരുമകളാണ് മധുരിമരാജെ ഛത്രപതി. കോലാപുരില്‍ മധുരിമ മത്സരത്തില്‍നിന്ന് പിന്മാറിയതോടെ പശ്ചിമ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാത്ത അവസ്ഥയുണ്ട്. സ്വതന്ത്രനായി മത്സരരംഗത്തുള്ള ലട്കറിന് അണികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി പിന്തുണ നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
നിയമസഭാതിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ മുന്നണികള്‍ക്ക് വിമതരില്‍ പലരെയും പിന്തിരിപ്പിക്കാനായെങ്കിലും വിമതശല്യം പൂർണമായി ഒഴിവായില്ല. മഹായുതിയില്‍നിന്ന് 24 വിമതരും മഹാവികാസ് അഘാഡിയില്‍നിന്ന് 21 വിമതരും മത്സരരംഗത്തുനിന്ന് പിന്മാറി.
ബോറിവ്‌ലിയില്‍ ബി.ജെ.പി. സ്ഥാനാർഥിക്കെതിരേ രംഗത്തുവന്ന പാർട്ടിയുടെ പ്രമുഖനേതാവ് ഗോപാല്‍ഷെട്ടിയും പിന്മാറി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉള്‍പ്പെടെയുള്ളവർ അനുനയിപ്പിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. അതേസമയം, മാഹിം നിയമസഭാ മണ്ഡലത്തിലെ ശിവസേനാ സ്ഥാനാർഥി ദാദാസർവങ്കർ പിന്മാറാതിരുന്നത് മഹായുതിയില്‍ പ്രതിസന്ധിയായി. രാജ്താക്കറേയുടെ മകൻ അമിത് താക്കറേ മത്സരിക്കുന്ന ഇവിടെ ബി.ജെ.പി.യുടെ പിന്തുണ അമിത്തിനാണ്.
ചിഞ്ച്‌വാഡ് സീറ്റില്‍ വിമതനായ നാനാ കാട്ടയെ പിൻവലിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. കസ്ബപേഠ് നിയമസഭാ മണ്ഡലത്തില്‍നിന്ന് മുക്താർഷെയ്ഖ് പിന്മാറിയത് കോണ്‍ഗ്രസിന് ആശ്വാസമായി. ദേവ്‌ലാലിയിലും ദിൻദോരിയിലും ഷിന്ദേ വിഭാഗം സ്ഥാനാർഥികളായ രാജശ്രീ അഹെറാവുവും ധനരാജ് മഹാലെയും പത്രികകള്‍ പിൻവലിച്ചു. രണ്ട് മണ്ഡലങ്ങളും അജിത്പവാർ വിഭാഗം എൻ.സി.പി.ക്ക് അനുവദിച്ചതോടെ ഷിന്ദേവിഭാഗം ഇടയുകയായിരുന്നു. അന്ധേരി ഈസ്റ്റ് മണ്ഡലത്തില്‍ ഔദ്യോഗിക സഥാനാർഥിക്കെതിരേ രംഗത്തുവന്ന ഷിന്ദേ വിഭാഗത്തില്‍നിന്നുള്ള സ്വീകൃതി ശർമയും പിൻമാറി. മുൻഏറ്റുമുട്ടല്‍ വിദഗ്ധൻ പ്രദീപ് ശർമയുടെ ഭാര്യയാണ് അവർ.