കൊല്ലം: കൊല്ലം സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. നാലാം പ്രതി ഷംസുദീനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേ വിട്ടു.
2016 ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റ് പ്രവർത്തകരായിരുന്നു പ്രതികള്‍. എട്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ വിധിക്കണമെന്നും പ്രതികള്‍ അപേക്ഷിച്ചിട്ടുണ്ട്. മൈസൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായിട്ടുള്ള മുഹമ്മദ് അയൂബിനെ കേസില്‍ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
സിവില്‍സ്റ്റേഷന്‍ സമുച്ചയത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് താഴെയായി സ്‌ഫോടനമുണ്ടായതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയിലെത്തിയ, ഡിസിസി അംഗം കൂടിയായ കുണ്ടറ പേരയം സ്വദേശി സാബു(61)വിനാണ് പരിക്കേറ്റത്. രാജ്യത്ത് മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ബേസ് മൂവ്‌മെന്റ് എന്ന സംഘടന ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒന്നാംപ്രതി അബ്ബാസ് അലി പെയിന്ററാണ്. ദാറുള്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു ലൈബ്രറി നടത്തുന്നതിനാല്‍ ഇയാളെ ലൈബ്രറി അബ്ബാസ് എന്നും വിളിക്കും.
ഷംസൂണ്‍ കരിംരാജ മധുര കെ പുദൂരില്‍ അഹാദ് ബ്രോയിലര്‍ ചിക്കന്‍ഷോപ്പ് നടത്തിവരികയാണ്. മധുരയിലെ കീലവസായില്‍ ഹിയറിംഗ് എയ്ഡ് കമ്പനിയുടെ റിലേഷന്‍ഷിപ്പ് മാനേജരാണ് മുഹമ്മദ് അയൂബ്. മധുര നെല്‍പേട്ടയിലെ എംഎസ് ഫിഷ്മാര്‍ട്ടിലെ ജീവനക്കാരനാണ് ഷംസുദ്ദീന്‍. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദ് സുലൈമാന്‍ ഐടി വിദഗ്‌ദ്ധനും സോഫ്ട്‌വെയര്‍ എന്‍ജിനീയറുമാണ്.