തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

തിരുവനന്തപുരം: ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്.

മലയോരമേഖലകളില്‍ മൂന്നുമണിയോടെ ആരംഭിച്ച മഴ മണിക്കൂറുകള്‍ നീണ്ടു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നാളെ രാവിലെയോടയെ ഗതാഗതം   പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി.

കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്. കിഴക്കന്‍ മേഖലയിലാണ് മഴ കനത്തത്. പലയിടങ്ങളിലും മലവെള്ളപാച്ചില്‍ ഉണ്ടായി .

ഇടുക്കി വണ്ണപ്പുറം ചീങ്കല്‍ സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഓമനയാണ് മരിച്ചത്. നാലുമണിക്ക് ആരംഭിച്ച മഴ നാലുമണിക്കൂറിലേറെ നേരം നീണ്ടുനിന്നു. ജോലിക്ക് പോയി മടങ്ങുന്നതിനിടെ ഇരുവരും തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഇന്ന് സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീവ്രമഴ കണക്കിലെടുത്ത് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!