മാവേലിക്കര : മാവേലിക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിലേക്ക് യുവതി ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി 6 പേർക്ക് പരിക്കേറ്റു. കണ്ണൂരിലെ എ.ഡി.എമ്മിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അപകടം ഉണ്ടായത്.
അപകട വിവരമറിഞ്ഞെത്തിയ പൊലീസ് കാർ യാത്രികയെ പറഞ്ഞയ്ക്കാനായി ശ്രമിച്ചു. ഇവർ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയ ശേഷം മാത്രമേ ഇവരെ പറഞ്ഞയക്കാവൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ പൊലീസ് നീക്കത്തെ തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരുമായി വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അനി വർഗ്ഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.രാജലക്ഷ്മി, ഗീതാ രാജൻ തഴക്കര, ബ്ലോക്ക് വൈസ് പ്രസിഡന്റൻമാരായ സജീവ് പ്രായിക്കര, സി.അനിത, ബ്ലോക്ക് ജനറൽ സെക്രട്ടറി സുലൈമാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് കാർ പാഞ്ഞു കയറി; ആറ് പേർക്ക് പരിക്ക്…
