കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സ്പീക്കർ എ എൻ ഷംസീറിനെതിരെയും 2016- ല്‍ കേസെടുത്തിരുന്നു.
2016- ല്‍ കോണ്‍ഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന രാജനെ ഡിവൈഎഫ്‌ഐ നേതാക്കള്‍ മർദ്ദിച്ച സംഭവത്തില്‍ മകളായ അഞ്ജനയും സഹോദരിയും പ്രതിഷേധിച്ച് സിപിഎം ഓഫീസിലെത്തിയിരുന്നു. പാർട്ടി ഓഫീസില്‍ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പി പി ദിവ്യയും ഷംസീറും ചാനല്‍ ചർച്ചയില്‍ പങ്കെടുത്തു. ഇതില്‍ മനംനൊന്ത് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷംസീറിനെതിരെയും കേസെടുത്തെങ്കിലും പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കി. അഞ്ജന കഴിച്ചത് മരണത്തിന് ഇടയാക്കുന്ന ഗുളികയല്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കേസ് എഴുതിത്തള്ളിയിരുന്നു.കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിലും ദിവ്യയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
