വയനാട് പുനരധിവാസം: എൽഡിഎഫും യുഡിഎഫും നിയമസഭയെ ദുരുപയോഗിച്ചു: കെ.സുരേന്ദ്രൻ

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന വ്യാജ പ്രമേയം നിയമസഭയിൽ പാസാക്കി എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

നിയമസഭയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയമാണ്. എന്നാൽ അത് മറച്ചുവെക്കാൻ പിണറായി വിജയനെ സഹായിക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. വയനാട്ടിലെ ജനങ്ങൾക്ക് വാസ്തവം അറിയുന്നത് കൊണ്ടാണ് അവിടെ ഇന്ന് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധമുണ്ടായത്.

വയനാട്ടിൽ ദുരന്തബാധിതർ ഇപ്പോഴും ദുരിതത്തിൽ തന്നെയാണ് കഴിയുന്നത്. ചികിത്സയ്ക്കും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കുമുള്ള പണം പോലും സംസ്ഥാന സർക്കാർ അവർക്ക് നൽകുന്നില്ല. വിശദമായ മെമ്മോറാണ്ടം ഇതുവരെ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടില്ല. കേന്ദ്രം നേരത്തെ അനുവദിച്ച സംസ്ഥാന ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാതെ സ്പെഷ്യൽ പാക്കേജിന് കാത്തു നിൽക്കുന്ന സംസ്ഥാന സർക്കാർ ദുരിതബാധിതരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

മറ്റ് സംസ്ഥാനങ്ങൾക്ക് മെമ്മോറാണ്ടം സമർപ്പിക്കും മുമ്പ് പാക്കേജ് അനുവദിച്ചുവെന്ന് പറഞ്ഞ് ഇൻഡി സഖ്യകക്ഷികൾ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ആന്ധ്രപ്രദേശിനും ഒഡീഷയ്ക്കും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കാണ് കേന്ദ്രം പണം നൽകിയത്. കേരളത്തിന് ഇത് നേരത്തെ തന്നെ നൽകിയിരുന്നു. ഇതെല്ലാം മറച്ച് വെച്ച് രാഷ്ട്രീയപ്രേരിതമായി വ്യാജ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശശുദ്ധി ജനം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!