സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

തിരുവനന്തപുരം: കേരളത്തില്‍ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയര്‍ സംവിധാനം മുഴുവന്‍ സര്‍വകലാശാകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. തിരുവനന്തപുരം ഐ എം ജിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ സര്‍വകലാശാലകളിലെല്ലാം കംപ്യൂട്ടര്‍ സേവനങ്ങളുണ്ട്. പക്ഷേ, പരസ്പ്പര ബന്ധമില്ലാതെയാണ് പ്രവര്‍ത്തനം. ഇതിനെയെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും. കേരള റിസോഴ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ്ഫോമിനു കീഴില്‍ എത്തുന്നതോടെ വിദ്യാര്‍ഥി പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കെ റീപ്പ് വഴി നടക്കും.

അസാപ് കേരളയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി ആന്‍ഡ് കോളജ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരില്‍ ഇതിനായി സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയര്‍ സംവിധാനം കണ്ണൂര്‍ സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല, തിരൂര്‍ മലയാളം സര്‍വകലാശാല എന്നിവിടങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!