‘കോഴിക്കോടും മലപ്പുറവും വിഭജിച്ച് ഒരുജില്ല കൂടി വേണം, ജാതി സെന്‍സസിനായി പോരാടും’; നയം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള

മഞ്ചേരി: കേരളത്തില്‍ പതിഞ്ചാമത് ജില്ലവേണമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും കൂട്ടായ്മയുടെ നയ രൂപീകരണ കരടുരേഖയില്‍ പറയുന്നു.

സംസ്ഥാനത്ത് മലബാറിനോടുള്ള അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടം, മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല, ജാതി സെന്‍സസിനായുള്ള പോരാട്ടം, പ്രവാസികള്‍ക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിൽ വച്ച് വോട്ട് ചെയ്യാൻ ഇ ബാലറ്റ്, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നത്. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും.

വിദ്യാഭ്യാസ വായ്പ ബാധ്യതകള്‍ എഴുതിത്തള്ളണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം, തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍, വിദ്യാഭ്യാസം സൗജന്യമാക്കണം, മേക്ക് ഇന്‍ കേരള പദ്ധതി ജനകീയമാക്കണം, വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം, അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര പാസ്, വയോജന ക്ഷേമ നയം, വയോജന വകുപ്പ് രൂപീകരണം, റബറിനെ കാര്‍ഷിക  വിളയായി പ്രഖ്യാപിക്കണം, വന്യമൃഗ ആക്രമണത്തിന്റെ നഷ്ട പരിഹാരം 50 ലക്ഷമാക്കണം, എഫ്‌ഐആറുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്നും മാറ്റണം, ശബരിമലയുടെയും വഖഫ് ബോര്‍ഡിന്റെയും ഭരണം അതാത് മതവിശ്വാസികള്‍ അല്ലാത്തവര്‍ നിയന്ത്രിക്കുന്നതില്‍ അടിയന്തര മാറ്റം വേണം, കായിക സര്‍വകലാശാല നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളും നയരൂപീകരണ കരട് രേഖയില്‍ പറയുന്നു.

കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്‍വറിന് പിന്തുണയുമായി ആയിര കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയത്.

സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടില്‍നിന്നും തിരിക്കവേ പിവി അന്‍വര്‍ ആരോപിച്ചു.  സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണെന്നും അന്‍വര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!