മുംബൈ : പൊതുമേഖലാ ബാങ്കിന്റെ മാനേജർ കടലിലേക്ക് എടുത്തുചാടി. ജോലിസമ്മർദ്ദം മൂലമാണ് ഭർത്താവ് കടലിലേക്ക് എടുത്തുചാടിയതെന്ന് ആരോപണവുമായി ഭാര്യ രംഗത്ത്.മുബൈയില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ മാനേജറായ സുശാന്ത് ചക്രവർത്തിയാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ ഭാഗമായ അടല്‍ സേതുവില്‍ തന്റെ കാർ നിർത്തിയിട്ട്, കടലിലേക്ക് എടുത്തുചാടിയത്. നേവിയും പോലീസും സംയുക്തമായി ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സുശാന്തിന്റെ കാർ പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് ഇയാളുടെ കുടുംബത്തെ സമീപിച്ചപ്പോഴാണ് ഭർത്താവ് ജോലിസമ്മർദ്ദം നേരിടുന്നുണ്ടെന്ന് സുശാന്തിന്റെ ഭാര്യവെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും കുടുംബത്തെയും കൂട്ടി യാത്രയ്ക്ക് പോയതാണ്. തിങ്കളാഴ്ച മടങ്ങിയത്തി ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതാണ്. ജോലിസംബന്ധമായി നിരവധി സമ്മർദ്ദങ്ങള്‍ സുശാന്ത് ചക്രവർത്തി അനുഭവിക്കുന്നുണ്ടെന്ന് അയാളുടെ ഭാര്യ പറയുന്നു- സീനിയർ പോലീസ് ഇൻസ്പെക്ടർ രോഹിത് ഖോട്ട് പറഞ്ഞു.
അതേസമയം, സുശാന്ത് ചക്രവർത്തിയുടെ കാറും മൊബൈല്‍ ഫോണും പരിശോധിച്ചെങ്കിലും ആത്മഹത്യ കുറിപ്പോ മറ്റ് രേഖകളോ കണ്ടെത്തിയില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു. രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ വൈകുന്നേരവും പുരോഗമിക്കുകയാണ്.
