ഞാന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴും’;  പി വി അന്‍വറിന്റെ മുന്നറിയിപ്പ്

മലപ്പുറം: തന്റെ ഒരു ഫോൺകോളിൽ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴുമെന്ന് പി വി അന്‍വര്‍. നിലമ്പൂരില്‍ വിശദീകരണ യോഗം ചേരാനിരിക്കെയാണ് സിപിഐഎമ്മിന് പിവി അൻവറിന്റെ മുന്നറിയിപ്പ്.

എവിടെ വരെ പോകുമെന്ന് അറിയണം. താന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വിശദീകരണ യോഗത്തിന് ഒഴുകിയെത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയെ താന്‍ വെല്ലുവിളിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. വ്യക്തികളെയാണ് വെല്ലുവിളിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരിപാടിക്ക് അന്‍പത് കസേരയിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. അതിലും കൂടുതല്‍ ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞത്. ആരാണ് മലര്‍ന്നുകിടന്ന് തുപ്പുന്നതെന്ന് ജനം തീരുമാനിക്കും. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. കുറഞ്ഞത് 11 യോഗങ്ങളെങ്കിലും നടത്തും. നാളെ കോഴിക്കോടായിരിക്കും യോഗം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ യോഗം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും അന്‍വര്‍ പ്രതികരിച്ചു. പ്രത്യേക ഉപകരണം ഉപയോഗിച്ചല്ല താന്‍ ഫോണ്‍ ചോര്‍ത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. താനുമായി സംസാരിച്ചവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇക്കാര്യം ഐജിക്ക് മൊഴി നല്‍കിയിട്ടുണ്ട്. കേസുകള്‍ ഇനിയുമുണ്ടാകുമെന്നും അറസ്റ്റ് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ പരിഹസിച്ചു. അലനെല്ലൂരിലെ സംഘര്‍ഷം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും അന്‍വര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തെറ്റായ നീക്കം ഉണ്ടായിട്ടില്ല. തന്റെ അരികെ വന്ന് ഫോട്ടോ എടുക്കാനാണ് അവര്‍ ശ്രമിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!