പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വർണക്കവർച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്.

പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്.

സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍ നിന്ന് ഇരുവരെയും പുറത്തിറക്കിയ സ്വര്‍ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു.

പുത്തൂരില്‍ വച്ച് അരുണ്‍ സണ്ണിയെയും, പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. വ്യാപാരിയും സുഹൃത്തും വന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പീ്ചി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!