ചൊക്രമുടി കയ്യേറ്റം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും – ജില്ലാ കളക്ടര്‍

തൊടുപുഴ: ഇടുക്കി ചൊക്രമുടി കയ്യേറ്റം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടാകും. സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി അറിയിച്ചു.

ചൊക്രമുടിയിൽ വ്യാപകമായ കയ്യേറ്റം നടക്കുന്നു എന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളാണ് ചൊക്രമുടി. ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകള്‍ റവന്യൂ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ നാല്‍പതോളം ഏക്കര്‍ ഭൂമി റവന്യൂ വകുപ്പിന്റെ ഒത്താശയോടെ കയ്യേറിയതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സിപിഐ നേതൃത്വത്തിന്റെ ഒത്താശയോടെ ചില വ്യക്തികളും റിസോര്‍ട്ട് മാഫിയകളുമാണ് കയ്യേറ്റം നടത്തിയതെന്നുമാണ് ആരോപണം.

ചെന്നൈ ആസ്ഥാനമായുള്ള ഒരു മലയാളി വ്യവസായി നേതൃത്വം നല്‍കുന്ന ഭൂമാഫിയയാണ് ഈ കയ്യേറ്റത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം. മുതുവാൻ ആദിവാസി സമുദായത്തിന് ആരാധനാ പരമായ അവകാശങ്ങൾ, വന വിഭവ ശേഖരണത്തിനുള്ള അവകാശങ്ങൾ, ചൊക്രമുടി ആദിവാസി കുടി, ആദിവാസി ഇതര ജന വിഭാഗങ്ങൾ എല്ലാവരും ആശ്രയിക്കുന്ന ശുദ്ധ ജല സ്രോതസ്സുകൾ, ആനത്താരകൾ, നീലക്കുറിഞ്ഞി, വരയാടുകൾ തുടങ്ങിയവ അടക്കം ഉള്ള ഭൂമിയാണ് കൈയ്യേറ്റത്തിന് വിധേയമായിരിക്കുന്നതെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!