കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് ലഭിച്ച ലൈംഗികാതിക്രമ പരാതികളില്‍ തുടര്‍നടപടി ആലോചിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ലഭിച്ച പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിക്കഴിഞ്ഞിട്ടുണ്ട്. നടന്മാരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം പരിശോധിക്കും.
കേസില്‍ പ്രതിയാക്കപ്പെട്ട നടന്മാര്‍ അടക്കം ആരോപണവിധേയരില്‍ പലരും കോടതികളില്‍ നിന്നും ജാമ്യം നേടിയിട്ടുണ്ട്. അതേസമയം, മുകേഷ് അടക്കമുള്ള നടന്മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. ആ ഘട്ടത്തിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടാണ് യോഗം എന്നാണ് വിവരം. മുകേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിലും ഇന്ന് തീരുമാനമെടുത്തേക്കും.
ഐ ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ, വനിതാ പൊലീസ് ഓഫീസര്‍മാരായ ഡിഐജി എസ് അജീത ബീഗം, എസ് പി മെറിന്‍ ജോസഫ്, എഐജി ജി പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും എഐജി അജിത്ത് വി, എസ്പി എസ് മധുസൂദനന്‍ എന്നിവരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം.