തിരുവനന്തപുരം: നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്പിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഐരാണിമുട്ടം ടാങ്കിലേക്ക് പമ്പു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്പു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. രാത്രി 10 മണിയോടെയാണ് പൈപ്പുലൈനിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പമ്പിങ്ങ് ആരംഭിക്കാന്‍ അരുവിക്കര പ്ലാന്റിലേക്ക് സൂപ്രണ്ടന്റ് എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി.
ഇന്നലെ വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.
തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു നിര്‍ത്തിവെച്ചത്. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്.