പോര്ബന്തർ: ഗുജറാത്തിലെ പോർബന്തറിൽ രക്ഷാദൗത്യത്തിനിടെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ച ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ച് മൂന്ന് കോസ്റ്റ് ഗാർഡ് (ഐ.സി.ജി) ഉദ്യോഗസ്ഥർ മരണപെട്ടു . ഇതിൽ മലയാളി പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമൻഡാന്റുമായ വിപിൻ ബാബുവും (39) ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ദുഖത്തിലാക്കിയ അപകടം നടന്നത് . 4 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തുവാൻ ആയി. പോർബന്തർ തീരത്തുനിന്ന് 45 കിലോമീറ്റർ അകലെ ഹരിലീല എന്ന മോട്ടോർ ടാങ്കറിൽ പരിക്കേറ്റു കിടന്ന ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയായിരുന്നു അപകടം. രക്ഷാ പ്രാവർത്തനത്തിൽ പങ്കെടുത്ത ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരെ രക്ഷപ്പെടുത്തിയ കോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
വിപിൻ ബാബുവിന്റെ മൃതദേഹം ഇന്ന് നെടുമ്പാശേരിയിലെത്തിക്കും. എയർഫോഴ്സ‌് റിട്ട.ഉദ്യോഗസ്‌ഥൻ പരേതനായ ആർ.സി.ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും