കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും, നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമനടപടികള്‍ തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകള്‍ക്കുള്ള ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ധയായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ മുന്‍കാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടെത്തലുകളോ, അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.