തൃശൂര്‍: വടക്കാഞ്ചേരി മച്ചാടിന്റെ തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പില്‍. മംഗലം, പാര്‍ളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങള്‍ പൊയ്ക്കുതിരകളെ തോളിലേറ്റി മാമാങ്കസന്നിധിയായ മച്ചാട് തിരുവാണിക്കാവിലേക്ക് നീങ്ങുന്ന കാഴ്ച ദേശക്കാര്‍ക്ക് ആവേശക്കാഴ്ചയായി.
കൊയ്ത്തുകഴിഞ്ഞ് പരന്നുകിടക്കുന്ന പാടങ്ങളിലൂടെ ദേശക്കാര്‍ പൊയ്ക്കുതിരകളുമായാണ് ദേവീ സന്നിധി ലക്ഷ്യമാക്കി ഓടിയെത്തിയത്. ഊഴമനുസരിച്ച് ഇത്തവണ മാമാങ്കത്തിന്റെ നേതൃത്വം പുന്നംപറമ്പ് ദേശത്തിനാണ്. ക്ഷേത്രം വക കുതിരകളുമായി കാവുകയറുന്ന സ്ഥലത്തെത്തി ദേശക്കുതിരകളെ അവര്‍ കാവിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണ്യത്തില്‍ നൂറിലധികം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം കൊട്ടിക്കലാശിച്ചതോടെ മാമാങ്കത്തിന്റെ ആകര്‍ഷണമായ കുതിരകളി അരങ്ങേറി. പൊയ്ക്കുതിരകളെ മുകളിലേക്കെറിഞ്ഞ് പന്തലില്‍ തൊടുവിക്കുന്ന ചടങ്ങ് ദേശക്കാര്‍ക്ക് ആവേശമായി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം, രാവിലെ ഏഴിന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് കുതിരകളി എന്നിവയാണ് മറ്റു ചടങ്ങുകള്‍.