ക്ലാസിക് സിനിമകളുടെ സംവിധായകൻ എം മോഹൻ അന്തരിച്ചു

എറണാകുളം : സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

എൺപതുകളിലെ മലയാള സിനിമയ്ക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരിൽ പ്രധാനിയായിരുന്നു എം മോഹൻ. വാടകവീട് (1978) ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. തുടർന്ന് ‘രണ്ട് പെൺകുട്ടികൾ’. ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷെ, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങളാണ് മോഹൻ ഒരുക്കിയത്. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മോഹൻ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്റെ സുഹൃത്ത് വഴി സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് സിനിമലോകത്തേക്കുള്ള വഴിത്തിരിവായി. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!