അടിമാലി : മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ വ്യാപാര ശാലയില്‍ നിന്നും മാല മോഷ്ടിച്ച ശേഷം അടിമാലിയില്‍ എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിയിലായി.
ചാലക്കുടി സ്വദേശിനിയും ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്ന സുധയാണ് അടിമാലി പോലീസിന്റെ പിടിയിലായത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം മൂന്നാറില്‍ എത്തിയ സുധ ടൗണിലെ ഒരു വ്യാപാര ശാലയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേന കയറുകയും മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല മറ്റൊരിടത്ത് വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രതി അടിമാലി ടൗണിലെ ഒരു സ്വര്‍ണ്ണ വ്യാപാരശാലയില്‍ എത്തി മാല വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി സുധയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെടുത്തു. മൂന്നാറിലെ കടയില്‍ ഇവര്‍ മോഷണം നടത്തി പോന്ന ഉടന്‍ സിസിടിവി ദൃശ്യങ്ങളിലൂടെ സ്വര്‍ണ്ണക്കട നടത്തിപ്പുകാര്‍ മോഷണവിവരം തിരിച്ചറിഞ്ഞിരുന്നു. കടയുടമ നവ മാധ്യമ ഗ്രൂപ്പുകളില്‍ നല്‍കിയ വിവരമാണ് അടിമാലിയില്‍ വച്ച് പ്രതിയെ കുടുക്കിയത്. അടിമാലിയില്‍ എത്തുമ്പോള്‍ പണം നല്‍കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷ വിളിച്ചായിരുന്നു സുധ യാത്ര ചെയ്തത്. അടിമാലി പോലീസ് തുടര്‍ നടപടിക്കായി പ്രതിയെ മൂന്നാര്‍ പോലീസിന് കൈമാറി.