കൈവെട്ട് കേസിൽ എൻഐഎ നടപടി, ഇരിട്ടി സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്ത് എൻഐഎ. ഇരിട്ടി വിളക്കോട് സ്വദേശിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.

മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയെന്ന സംശയത്തെ തുടർന്നാണ് നടപടി. തലശ്ശേരിയിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയായ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളെന്ന സംശയത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തു വരികയാണെന്നും എൻഐഎ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷമേ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും എൻഐഎ വ്യക്തമാക്കി.

2010 ജൂലൈ 4നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇതിനുശേഷം ഒളിവിൽ പോയ പ്രതി 13 വർഷത്തോളം ഷാജഹാൻ എന്ന പേരിൽ കണ്ണൂരിൽ താമസിക്കുകയായിരുന്നു. മറ്റ് പ്രതികളെ പിടിച്ചെങ്കിലും സവാദിനെ കുറിച്ച് യാതൊരു വിവരവുണ്ടായിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!