തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒടുവിൽ പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സിനിമ രംഗത്തുള്ളത് പുറമേക്കുള്ള തിളക്കം മാത്രം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും എന്നും മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. സഹകരിക്കാൻ തയ്യാറാക്കുന്നവർ അറിയപ്പെടുക കോഡ് പേരുകളിൽ ആയിരിക്കും.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ൽ രൂപീകരിച്ച ഹേമ കമ്മിറ്റി 2019 ലാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
* പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
* കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
* സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
* വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
* ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
* സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
* ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
* വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം.
സിനിമാ മേഖലയിൽ തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും പഠിക്കാനാണ് സംസ്ഥാന സർക്കാർ ഹേമ കമ്മറ്റിയെ നിയോഗിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരമൊരു സമിതി നിയോഗിക്കപ്പെടുന്നത്.
വിമൻ ഇൻ സിനിമാ കളക്ടീവ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.
നിർമ്മാതാവ് സജി മോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നതായിരുന്നു ഹരജിക്കാരൻറെ വാദം. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു.
അപ്പീൽ നൽകിയ അഞ്ച് പേർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് കൈമാറാനായിരുന്നു തീരുമാനം. പേജ് 49, 81 മുതൽ 100 വരെയുള്ള പേജുകൾ, പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു ആദ്യ ഉത്തരവ്. അനുബന്ധവും പുറത്ത് നൽകില്ല.റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചിരുന്നു.
